എൺപത്തഞ്ചാം വയസ്സിൽ 85–ാം പുസ്തകം; പുതുശ്ശേരി തിരക്കിലാണ്
31/01/2020

കൊച്ചി ∙ 85 –ാം വയസ്സിൽ 85–ാം പുസ്തകം പ്രസിദ്ധീകരിച്ച് എഴുത്തുകാരൻ എ.കെ. പുതുശേരിക്കു (അഗസ്റ്റിൻ കുഞ്ഞാഗസ്തി)  പിറന്നാളാഘോഷം. കഥയും നോവലും കവിതകളും നാടകവുമൊക്കെയായി സജീവമായ 85 വർഷം എ.കെ. പുതുശേരി പൂർത്തിയാക്കി ഞായറാഴ്ച 86–ാം പിറന്നാളിലേക്കു കടക്കുമ്പോൾ, അടുത്തമാസം നടക്കുന്ന കൃതി ഫെസ്റ്റിവലിൽ പുതുശേരിയുടെ ‘ ചാത്തൻകോട്ട ’ കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തുകയാണ്.

വർഷം കണക്കാക്കി എഴുത്തൊന്നും നടത്തിയതല്ലെന്നു പറയുന്ന പുതുശേരി ഇൗ പ്രായത്തിലും തിരക്കുള്ള ജോലിയിലാണ്, എസ്.ടി. റെഢ്യാർ ആൻഡ് സൺസിൽ എച്ച്ആർ മാനേജർ. രാവിലെ 8.30 ന് ഓഫിസിൽ. വൈകിട്ട് 5. 30 നു തിരിച്ചു വീട്ടിൽ.

20 –ാം വയസിൽ ഭാരമുള്ള കുരിശെന്ന നാടകം പ്രസിദ്ധീകരിച്ചു തുടക്കമിട്ട എഴുത്തുജീവിതത്തിൽ വിവാഹ ശേഷം,1967– 80 കാലമാണ് എഴുത്തിന്റെ സുവർണകാലമെന്ന് അദ്ദേഹം പറയുന്നു. ബൈബിൾ നാടകങ്ങൾ 23, സാമൂഹിക നാടകങ്ങൾ 9, നോവൽ 21, ചെറുകഥാ സമാഹാരം 3, ബാലസാഹിത്യം 15, ബാലെ 14. ബാലെ രംഗത്തു മുടിചൂടാമന്നനായിരുന്ന ഇടപ്പള്ളി അശോക് രാജ് ആൻഡ് പാർട്ടി അവതരിപ്പിച്ച എല്ലാ ബാലെകളും പുതുശേരി എഴുതിയതാണ്. ഇതിൽ 6 മണിക്കൂർ ൈദർഘ്യമുള്ള ‘മായാ മാധവം’ ബാലെ വരെയുണ്ട്.

‘ഉർവശി’യെന്ന ബാലെ 30 വർഷം സ്റ്റേജിൽ അവതരിപ്പിച്ചു. കാർമൽ തിയറ്റേഴ്സ്, കൊച്ചിൻ നാടകവേദി, കൊച്ചിൻ തിയറ്റേഴ്സ്, ആലപ്പി തിയറ്റേഴ്സ് എന്നിവ ബൈബിൾ നാടകങ്ങൾ അവതരിപ്പിച്ചു. സാമൂഹിക നാടകങ്ങൾ അവതരിപ്പിച്ച കൂട്ടത്തിൽ എ.കെ. തിയറ്റേഴ്സുമുണ്ട്. എ.കെ മോഹൻ, എ.കെ. പുഷ്പാകരൻ, എ.കെ. പുതുശേരി എന്നിവർ ചേർന്നുണ്ടാക്കിയ ട്രൂപ്പ്.

സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ്, കേന്ദ്ര സർക്കാർ സാസ്കാരിക വകുപ്പ് ഫെലോഷിപ്, കെസിബിസി, എകെസിസി അവാർഡുകൾ, പറവൂർ ജോർജ് അവാർഡ് എന്നിങ്ങനെ ഒരു മുറിനിറയെ പുരസ്കാരങ്ങൾ ലഭിച്ചു. ഒട്ടേറെ ഭക്തിഗാനങ്ങൾ രചിച്ചെങ്കിലും അതു പുസ്തകരൂപത്തിലാക്കിയിട്ടില്ല. ഇതിനിടയിൽ ഭാര്യ ഫിലോമിന അഭിനയിച്ച ‘ കൃഷ്ണപക്ഷക്കിളികൾ’ എന്ന സിനിമയ്ക്കു കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി. സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച സിനിമയാണത്. ഒരുപാടു ടെലിഫിലിമുകളും എഴുതി.

1958 ൽ എസ്.ടി. റെഢ്യാറിൽ ജോലിക്കുകയറിയ പുതുശേരി 93 ൽ വിരമിച്ചെങ്കിലും ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നും തിരക്കോടെ ജോലിയിൽ തുടരുന്നു.

നിങ്ങളുടെ ഫീഡ്ബാക് ദയവായി താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിൽ അയക്കുക

English Summary : A.K Puthusserry, Birthday, 85th Book, Poem